തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന മുൻ യു.ഡി.എഫ് രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എല്‍.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ മാതൃകയില്‍ ലോക കേരളസഭ നടപ്പിലാക്കുന്നത് പുതിയ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ലോക കേരളസഭയുടെ ആറാമത് പതിപ്പുമായി ബന്ധപ്പെട്ട് തുകയൊന്നും വകയിരുത്തിയിട്ടില്ലെന്നും ഭരണകൂടം അറിയിച്ചു. ലോകകേരള സഭ തുടരില്ലെന്നത് യു ഡി എഫിൻ്റെ രാഷ്ട്രീയ തീരുമാനം ആണെന്നും ആ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നിലവില്‍ പ്രവർത്തിക്കുന്ന ലോക കേരളസഭ സെക്രട്ടേറിയറ്റ് ഓഫീസിന്റെ ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മാത്രമാണ് തുക നീക്കിവെച്ചിട്ടുള്ളത്. എങ്കിലും പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് സർക്കാർ മുൻഗണന നല്‍കുന്നുണ്ടെന്നും, പ്രവാസികള്‍ക്കായുള്ള നിർദ്ദേശങ്ങള്‍ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങള്‍ക്കാണ് അനുമതി നല്‍കിയ തുക ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

