റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്ക് നേരെ യമനിലെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 28 പേർക്ക് പരിക്കേറ്റു. സൗദി പൗരന്മാരും വിദേശികളുമടക്കമുള്ള പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ഈജിപ്ത് സ്വദേശികളും ഒരു പാകിസ്താൻ സ്വദേശിയും ഉൾപ്പെടുന്നു.
ആക്രമണത്തെ തുടർന്ന് ഇരു വിമാനത്താവളങ്ങളിലും അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണമായി സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. വ്യോമാക്രമണത്തിൽ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സൗദിയുടെ വ്യോമഗതാഗത മേഖലയുടെ സുരക്ഷ നിലനിർത്തുന്നതിനുമായി കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ അറിയിച്ചു.

