തൃശൂർ: നാടിന്റെ നെടുംതൂണായ പാവപ്പെട്ട പ്രവാസികളെ വീണ്ടും പിഴിയുന്ന നയങ്ങളുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണെന്ന് തൃശൂർ ജില്ലാ OICC (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കമ്മിറ്റി ആരോപിച്ചു. നോർക്ക കെയർ ഇൻഷുറൻസിന്റെ കുത്തനെ കൂട്ടിയ പ്രീമിയം നിരക്കുകൾ ഉടൻ പിൻവലിക്കണമെന്ന് ഒ.ഐ.സി.സി ശക്തമായി ആവശ്യപ്പെട്ടു.
നാലംഗ കുടുംബത്തിന് പ്രായപരിധിയില്ലാതെ 13,411 രൂപയ്ക്ക് ലഭിച്ചിരുന്ന 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജിനാണ് ഇപ്പോൾ താങ്ങാനാവാത്തവിധം നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. കുടുംബത്തിലെ പ്രധാന അംഗത്തിന്റെ പ്രായം കണക്കാക്കി പ്രീമിയം ഈടാക്കുന്ന പുതിയ രീതി കാരണം പാവപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പതിനായിരക്കണക്കിന് രൂപ അധികമായി അടയ്ക്കേണ്ട ഗതികേടാണുള്ളത്.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട നോർക്ക, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ കൊള്ളലാഭത്തിന് വഴങ്ങി പ്രവാസികളുടെ കീശ ചോർത്തുന്ന ഇത്തരം നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്. കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കുന്നതിന് പകരം ഇൻഷുറൻസ് കമ്പനികൾക്ക് കച്ചവടം നടത്താൻ അവസരമൊരുക്കുന്ന ഈ ജനവിരുദ്ധ നയം അധികൃതർ ഉടൻ തിരുത്തണം.
വർധിപ്പിച്ച പ്രീമിയം നിരക്കുകൾ പൂർണ്ണമായും പിൻവലിച്ച്, പഴയതുപോലെ കുറഞ്ഞ നിരക്കിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് പുനഃസ്ഥാപിക്കണമെന്നും പ്രവാസികളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും തൃശൂർ ജില്ലാ OICC കമ്മിറ്റി അറിയിച്ചു.

