വിരട്ടല്‍ കൊണ്ട് വിറപ്പിക്കാന്‍ നോക്കേണ്ടെന്ന്‌ മുഖ്യമന്ത്രി

മുരളീധരന്‍ മന്ത്രിയായതിന്‌ ശേഷം നടന്ന സ്വര്‍ണക്കടത്തിന്‌ കണക്കുണ്ടോ?

തിരുവനന്തപുരം : വി മുരളീധരന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിഡില് ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. ഈ മന്ത്രി ചുമതലയില്‍ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നത്?. സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാന്‍ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയത് എന്ന് പാർലമെന്റില് ധനസഹമന്ത്രി പറഞ്ഞപ്പോൾ അതിനു വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവർത്തിച്ച്‌ എടുത്തത് എന്തിനായിരുന്നു? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച്‌ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. ആ സഹമന്ത്രി ഇപ്പോള്‍ വാളും ചുഴറ്റി ഇറങ്ങണ്ട.

ജനക്ഷേമം കണ്ട് മുന്നോട്ട് പോകുന്ന ഇടതിനെ ജനങ്ങള്‍ക്കിടയില്‍ ഇകഴ്ത്താന്‍ ഇത് മതിയാകില്ല. സര്‍ക്കാരിന്റെ യശസ്സിനെ ഇകഴ്ത്തുകയാണ് ഉദ്ദേശം. ഇടതുപക്ഷം ജനമനസ്സില്‍ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങള്‍ക്കും ഞങ്ങള്‍ക്കുമുണ്ട്. ഈ വിരട്ടല്‍ കൊണ്ട് വിറപ്പിക്കാന്‍ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സില്‍ വച്ചാല്‍ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത് – മുഖ്യമന്ത്രി പറഞ്ഞു.

തെളിഞ്ഞ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടക്കരുതെന്നും, ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ ആഗ്രഹിക്കുന്നു. കസ്റ്റംസ് രീതികള്‍ തുടക്കം മുതല്‍ നമ്മള്‍ കണ്ടു. കോണ്‍ഗ്രസ്, ബിജെപി കേരള തല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഓര്‍മയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്.

കേസ് മുന്നോട്ട് പോകുമ്പോള്‍ അന്വേഷണ രംഗത്തുണ്ടായിരുന്ന പത്ത് പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്തിന്? ഒരു അസിസ്റ്റന്റ് കമ്മീഷണറെ ഉടന്‍ മാറ്റിയതെന്തിന്? അന്ന് തന്നെ അത് ചര്‍ച്ചയായില്ലേ? ഇതില്‍ കൃത്യം ചില കളികള്‍ നടക്കുകയാണ്. കണ്ണടച്ച്‌ പാലു കുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ – മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news