നോയിഡ : ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നു കളഞ്ഞയാളെ ഓടിച്ചിട്ട് പിടിച്ചശേഷം യുവതി കൈകാര്യം ചെയ്തു. വെള്ളിയാഴ്ച നോയിഡ സെക്ടര്‍ 12ലാണ് സംഭവം.
നോയിഡയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരിയാണ് യുവതി. ജോലി സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ സൈക്കിളിലെത്തിയ 40 വയസ് പ്രായം തോന്നിക്കുന്നയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചശേഷം കടന്നുകളയുകയായിരുന്നു.
‘വഴിനീളെ അവന്‍ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ റോഡ് മുറിച്ചുകടക്കാനായി ശ്രമിച്ചപ്പോള്‍ ഒരു കാര്‍ സമീപത്തുകൂടി പോയി. സുരക്ഷിതമായി മാറിയപ്പോള്‍ പിറകിലൂടെ വന്ന് അയാള്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ശേഷം അയാള്‍ സൈക്കിളുമായി കടന്നു കളഞ്ഞു. ഞെട്ടിപ്പോയെങ്കിലും അയാളുടെ പിറകെ ഓടിയെത്തുകയായിരുന്നു’ യുവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഓടിച്ചിട്ട് പിടിച്ചശേഷം ഇയാളെ യുവതി മര്‍ദ്ദിച്ചു. ചിലര്‍ ഇതെല്ലാം കണ്ടു നില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാനുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷമായി ഞാന്‍ ഇവിടെ ജീവിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു ദുരനുഭവം. അയാള്‍ മാപ്പ് പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യുവതി പറഞ്ഞു.
യുവതി 40കാരനെ ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചിലര്‍ വിഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ നിരവധിപേരാണ് യുവതിക്ക് അഭിനന്ദനവുമായെത്തിയത്. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയതായും പ്രതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും നോയിഡ ഡി.സി.പി രന്‍വിജയ് സിങ് പറഞ്ഞു.