കണ്ണൂർ: കണ്ണൂർ മണ്ഡലത്തിലെ 51 ലൈബ്രറികൾ ജനസേവന കേന്ദ്രങ്ങളാകുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറികളെ ഹൈടെക്ക് ആക്കി മാറ്റുന്നത്. ലാപ്ടോപ്പ്, എൽസിഡി പ്രൊജക്ടർ, മൈക്ക് സെറ്റ് എന്നിവ വിതരണം ചെയ്യും. മുഴുവൻ ലൈബ്രറികളിലും കോഹ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് പുസ്തക വിതരണവും ഓൺലൈനാക്കി മാറ്റും. ജില്ലാ ലൈബ്രറിയിൽ വീഡിയോ കോൺഫറൻസ് ഉൾപ്പെടെയുള്ള നവീന പദ്ധതിയാണ് നടപ്പാക്കുന്നത്. കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയാണ് കോവിഡ് കാരണം നീണ്ടുപോയത്.
കണ്ണൂർ മണ്ഡലത്തിൽ കൂടി ഉപകരണങ്ങൾ നൽകുന്നതോടെ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ എഴുന്നൂറോളം ലൈബ്രറികളും ഹൈടെക്ക് ആകും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് 27ന് ഉപകരണങ്ങൾ വിതരണം ചെയ്യും. പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി, മട്ടന്നൂർ, തലശേരി എന്നിവിടങ്ങളിൽ നേരത്തെ തന്നെ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. കണ്ണൂർ മണ്ഡലത്തിലെ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം 31ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോർപറേഷനിലെ 40 ലൈബ്രറികൾക്കും മുണ്ടേരി പഞ്ചായത്തിലെ 11 ലൈബ്രറികൾക്കുമുള്ള ഉപകരണങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പുതിയ അഫലിയേഷൻ ലഭിച്ച ലൈബ്രറികൾക്ക് അടുത്തഘട്ടത്തിൽ ഉപകരണം വിതരണം ചെയ്യും. ജില്ലാ ലൈബ്രറിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.കെ.ബൈജു, എം.ബാലൻ, കെ.ഗോപി, കെ.പ്രകാശൻ എന്നിവർ പ്രസംഗിച്ചു
Media wings: