ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം; കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള എം.പിമാര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സി.ജെ.പി പ്രതിഷേധത്തിന് നേരെ ഡല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാർജില്‍ പ്രതിഷേധിച്ച്‌ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ അപ്രതീക്ഷിത ധർണ്ണയുമായി പ്രതിപക്ഷം.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങി പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും ഉടനടി രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്കേറ്റ സി.ജെ.പി പ്രതിഷേധത്തെ തുടർന്ന് വിഷയം പാർലമെന്റില്‍ ഉയർത്തിക്കാട്ടിയ ശേഷമാണ് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്‌ നടത്തിയത്. പരിക്കേറ്റവരെ രാഹുല്‍ ഗാന്ധി ആർ.എം.എല്‍ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.

പിറന്നാള്‍ സല്‍ക്കാരത്തില്‍ നിന്ന് വസതി ഉപരോധത്തിലേക്ക്
വൈകീട്ട് മൂന്ന് മണിക്ക് മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ എം.പിമാർക്കായി സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷ ചടങ്ങില്‍ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. അവിടെ ഒത്തുകൂടിയ എം.പിമാർ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ പാതയിലേക്ക് മാർച്ച്‌ ചെയ്യുകയായിരുന്നു.

പ്രദേശത്ത് സംഘർഷാവസ്ഥ; എം.പിമാരെ ബലം പ്രയോഗിച്ച്‌ നീക്കി
കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള എം.പിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ മാറ്റിയത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വട്ടമിട്ടു സംരക്ഷിച്ചാണ് മറ്റ് നേതാക്കള്‍ പ്രതിഷേധം തുടർന്നത്. മേഖലയില്‍ ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.

spot_img

Related Articles

Latest news