‘കള്ളൻവിജയൻ’ ലേഖന വിവാദത്തില്‍ ദേശാഭിമാനിയില്‍ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയില്‍ നിന്നും കെ.ആര്‍. അജയനെ നീക്കി.

തിരുവനന്തപുരം: ലേഖന വിവാദത്തില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ നടപടി. നാടക കലാകാരനായ വിജയകുമാറിനെക്കുറിച്ചുള്ള ‘കള്ളൻവിജയൻ’ എന്ന ഫീച്ചർ വാരാന്തപ്പതിപ്പില്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചത് വിവാദമായതോടെ, അതിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ.അജയനെ തത്സ്ഥാനത്ത് നിന്നും നീക്കി. പകരം ചുമതല ടി ചന്ദ്രമോഹന് നല്‍കി.

തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയപ്പോള്‍ അജയന്റെ ഓഫീസ് മു റി പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് പാർട്ടിക്കും പത്രത്തിനും അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി റസിഡന്റ് എഡിറ്റർ എം. സ്വരാജ് കെ.ആർ. അജയന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിങ്കളാഴ്ച തന്നെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട നോട്ടീസിന് അജയൻ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

വാരാന്തപ്പതിപ്പ് അച്ചടിയും വിതരണവും നിർത്തിവെച്ച വിവരം മാധ്യമങ്ങള്‍ക്ക് ചോർന്നു കിട്ടിയതിനെക്കുറിച്ചാണ് നോട്ടീസില്‍ പ്രധാനമായും ചോദിച്ചിരുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയത ദേശാഭിമാനിയിലേക്കും പടർന്നതിന്റെ ഫലമായാണ് വിവരം പുറത്തായതെന്നാണ് ലഭിക്കുന്ന സൂചന.അതേസമയം, സംഭവത്തില്‍ വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാർ പ്രതികരിച്ചു. “ദേശാഭിമാനി യുക്തം പോലെ ചെയ്യട്ടെ, പത്രം പ്രസിദ്ധീകരിക്കുന്നതും ചെയ്യാതിരിക്കുന്നതും രാഷ്‌ട്രീയമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരില്‍ വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള കെ.വി. സുധാകരന്റെ ഓർമക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിന്റെ മുഖലേഖനം. എന്നാല്‍, അവസാനപേജില്‍ ടി.സി. രാജേഷ് തയ്യാറാക്കിയ ‘കള്ളൻവിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ.’ എന്ന ഫീച്ചറുമുണ്ടായിരുന്നു. വി.എസിന്റെ ഓർമക്കുറിപ്പും ‘കള്ളൻവിജയൻ’ എന്ന ഫീച്ചറും ഒരേ ലക്കത്തില്‍ വരുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കുകയായിരുന്നു എന്നാണ് വിവരം.

spot_img

Related Articles

Latest news