തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ചൂട് കൂടുന്നതിനാൽ സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
കാലവർഷം ദുർബലമായതും എൽ നിനോയുടെ സ്വാധീനവുമാണ് താപനില ഉയരാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
പകൽ സമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ നിർജലീകരണത്തിന് കാരണമാകുന്ന പാനീയങ്ങൾ ഒഴിവാക്കണം. അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ വൈദ്യസഹായം തേടുകയും വേണം.
Mediawings:

