മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കും

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തുന്നു. ഇന്ത്യയിലെ ത്രിദിന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെത്തുന്ന അദ്ദേഹം കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. കോഴിക്കോട് കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയിലെത്തുന്ന മലേഷ്യൻ പ്രധാനമന്ത്രിക്ക് ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ പ്രഥമ അന്താരാഷ്ട്ര എക്സലൻസ് പുരസ്കാരം സമർപ്പിക്കും. ആഗോളതലത്തിൽ സമാധാനവും സഹിഷ്ണുതയും വിദ്യാഭ്യാസ ശാക്തീകരണവും മുൻനിർത്തി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്.

അൻവർ ഇബ്രാഹിമിൻ്റെ സന്ദർശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് കോഴിക്കോട്ട് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ന്യൂഡൽഹിയിലെത്തുന്ന അൻവർ ഇബ്രാഹിം, അവിടെ നടക്കുന്ന ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് കേരളത്തിലേക്ക് തിരിക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ഊഷ്മളമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളവുമായി, പ്രത്യേകിച്ച് മലബാർ മേഖലയുമായി നൂറ്റാണ്ടുകളുടെ വ്യാപാര സാംസ്കാരിക ബന്ധം പുലർത്തുന്ന രാജ്യമാണ് മലേഷ്യ. പതിനായിരക്കണക്കിന് മലയാളികൾ തൊഴിലെടുക്കുന്ന മലേഷ്യയുടെ ഭരണത്തലവൻ കേരളം സന്ദർശിക്കുന്നത് പ്രവാസി സമൂഹത്തിനും ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്.

കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി ദീർഘകാലത്തെ സൗഹൃദമാണ് അൻവർ ഇബ്രാഹിമിനുള്ളത്. മുൻപും പല അന്താരാഷ്ട്ര വേദികളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.
മർകസ് സന്ദർശനവും പുരസ്കാര സമർപ്പണവും
ഞായറാഴ്ച കോഴിക്കോട് കാരന്തൂരിലെ മർകസ് നോളജ് സിറ്റിയിലും മർകസ് ആസ്ഥാനത്തുമായിരിക്കും അദ്ദേഹത്തിനുള്ള സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുക.

 

spot_img

Related Articles

Latest news