പ്രവാസികൾ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് – മന്ത്രി അഹ്മദ് ദേവർകോവിൽ

നോളജ് സിറ്റി: പ്രവാസികൾ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മർകസ് നോളജ് സിറ്റിയിൽ ആരംഭിച്ച ഗ്ലോബൽ എൻ ആർ ഐ സംഗമങ്ങളുടെ ഉദ്‌ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെയും രാജ്യത്തിന്റെയുമെല്ലാം സമ്പത്ത് വ്യവസ്ഥക്ക് പ്രവാസികൾ നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. കേരളത്തിന്റെ ജി ഡി പി യുടെ മുപ്പത്തി അഞ്ചു ശതമാനവും പ്രവാസികളുടെ സംഭാവനകളാണ്, മന്ത്രി പറഞ്ഞു. ”ഇന്ന് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ വരുന്നത് കേരളത്തിലാണ്. പ്രവാസികൾക്ക് ഇതിൽ ഏറെ പങ്കുണ്ട്. എല്ലാ പ്രവാസികളും കേരളത്തിൽ തന്നെ നിക്ഷേപിക്കാൻ തയ്യാറാകണം. അത് നമ്മുടെ കേരളത്തെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കും. യൂറോപ്പ്യപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള പ്രവാസികളിൽ കൂടുതൽപേരും വിദേശത്ത് നിക്ഷേപിക്കാൻ താൽപര്യപ്പെടുമ്പോൾ, ഗൾഫ് പ്രവാസികൾ കേരളത്തിൽ തന്നെ നിക്ഷേപിക്കാൻ മുൻകൈയെടുക്കുന്നു എന്നത് ഏറെ അഭിനന്ദനാർഹമാണ്”, അഹ്മദ് ദേവർകോവിൽ കൂട്ടിച്ചേർത്തു.

മർകസ് നോളജ് സിറ്റിയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് ഗ്ലോബൽ എൻ ആർ ഐ സംഗമങ്ങൾ നടത്തപ്പെടുന്നത്. ആദ്യ ഘട്ടമായി സഊദി അറേബ്യയിൽ നിന്നുള്ള പ്രവാസി പ്രതിനിധികളാണ് ഇന്നലെ സംഗമിച്ചത്. ഏറെ കാലത്തേ പ്രവാസാനുഭവമുള്ള മലയാളിയുടെ കഴിവും വൈദഗ്‌ധ്യവും മികച്ച ആശയങ്ങളുമെല്ലാം കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ, സാമ്പത്തിക വികസനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനുള്ള മാർഗങ്ങൾ സംഗമം ചർച്ച ചെയ്തു. നോളജ് സിറ്റിയുടെ വിവിധ പദ്ധതികളിൽ ഭാഗവാക്കായ സൗദി പ്രവാസി സംഘടനകളായ മർകസ് സൗദി ചാപ്റ്റർ കമ്മറ്റി, ഐ സി എഫ് സൗദി നാഷണൽ കമ്മറ്റി, സൗദി വെസ്റ്റ് ആർ എസ് സി നാഷണൽ കമ്മറ്റി, സൗദി ഈസ്റ്റ് ആർ എസ് സി നാഷണൽ കമ്മറ്റി, കെ സി എഫ് നാഷണൽ കമ്മറ്റി തുടങ്ങിയവയെ ചടങ്ങിൽ ആദരിച്ചു. വരും ആഴ്ചകളിലായി മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കായുള്ള സംഗമങ്ങളും മർകസ് നോളജ് സിറ്റിയിൽ നടക്കും.

ചടങ്ങിൽ മർകസ് ജനറൽ ഡയറക്ടർ സി മുഹമ്മദ് ഫൈസി അധ്യക്ഷനായിയുന്നു. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകിം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഉബൈദ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ, സയ്യിദ് ഹബീബ് ജിദ്ദ, അഡ്വ. തൻവീർ, ഡോ. അബ്ദുസ്സലാം, അഷ്‌റഫ് കൊടിയത്തൂർ, ബാവ ഹാജി കൂമണ്ണ, അബ്ദുൽ ഗഫൂർ വാഴക്കാട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

spot_img

Related Articles

Latest news