കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്‍റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, കൃഷി, രാസവസ്തുക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്‍റെ ബിസിനസ് വിഭാഗങ്ങളില്‍ കൂടുതല്‍ തന്ത്രപരമായ ഏകോപനവും വ്യക്തതയും കൊണ്ടുവരാന്‍ ഈ മാറ്റം സഹായിക്കും.
മൂല്യങ്ങളും മികച്ച ഫലങ്ങളും ഒന്നുചേര്‍ന്ന് മുന്നോട്ട് പോകണമെന്ന വിശ്വാസമാണ് ‘1897 മുതല്‍ നാളെക്കായുള്ള നിര്‍മ്മാണത്തില്‍’ എന്ന വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്. തങ്ങള്‍ വളര്‍ച്ചയുടെ പുതിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ വിജയകരവും അതോടൊപ്പം ഉത്തരവാദിത്തത്തോടെയുള്ള ബിസിനസ്സുകള്‍ എങ്ങനെ കെട്ടിപ്പടുക്കാം എന്നതിന് ഈ കാഴ്ചപ്പാട് തുടര്‍ന്നും വഴികാട്ടിയാകുമെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ നിയുക്ത ചെയര്‍പേഴ്സണ്‍ പിറോജ്ഷാ ഗോദ്റെജ് പറഞ്ഞു.
നിലവിലെ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, പ്രോപ്പര്‍ട്ടീസ്, അഗ്രോവെറ്റ് എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിലേക്ക് വ്യാപിപ്പിക്കാനാണ് ഗ്രൂപ്പിന്‍റെ പദ്ധതി. ഈ നീക്കങ്ങളിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 5,00,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഈ പുതുക്കിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി തങ്ങള്‍ ആരാണെന്നും എങ്ങോട്ടാണ് മുന്നേറുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഗോദ്റെജ് എന്ന ബ്രാന്‍ഡിന്‍റെ കരുത്ത് ഉറപ്പിക്കുന്നതോടൊപ്പം ഭാവിയിലേക്കുള്ള തങ്ങളുടെ ലക്ഷ്യങ്ങളെ കൂടുതല്‍ ആധുനികവും ഏകീകൃതവുമായ രീതിയില്‍ അവതരിപ്പിക്കുന്നു. ഓരോ ബിസിനസ്സ് മേഖലയിലും പ്രത്യേകത നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗ്രൂപ്പിന്‍റെ പൊതുവായ ലക്ഷ്യങ്ങളുമായി കൂടുതല്‍ ശക്തമായി ബന്ധപ്പെടാന്‍ പുതിയ ഐഡന്‍റിറ്റി വഴി സാധിക്കുമെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായ തന്യ ദുബാഷ് പറഞ്ഞു.

