ഈ ഏലത്തോട്ടത്തിന് പാമ്പുകൾ കാവൽ, ഒരു കുരങ്ങനും അടുക്കില്ല; ഹിറ്റായി ബിജുവിൻ്റെ ബുദ്ധി

ഇടുക്കി: ഒരുപറ്റം പാമ്പുകളെ വാലിൽ തൂക്കിപിടിച്ചുകൊണ്ട് പോകുന്ന കർഷകനായ ബിജുവിനെ കണ്ടാൽ ആദ്യമൊന്ന് ആരും ഭയക്കും. പാമ്പുകളുമായി ബിജു നടന്നുവരുന്ന വഴിയരികിൽ നിൽക്കുന്നവർ പോലും ഭയത്തോടെ അകന്ന് മാറും. എന്നാൽ പേടിക്കേണ്ട ഈ പാമ്പുകൾ കടിക്കില്ല. കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്ന ചൈനീസ് റബ്ബർ പാമ്പുകളാണിവ.

ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താൻ പാമ്പുകളെ കൂട്ടുപിടിച്ചത്. ബിജു നോക്കി നടത്തുന്ന ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ കൂട്ടത്തോടെ എത്തുന്ന വാനരപ്പട വ്യാപകമായി കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ ഇവയെ തുരത്താൻ വഴിയന്വേഷിച്ച് നടക്കുമ്പോളാണ് തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് ബിജു കണ്ടത്. പിന്നീടാണ് പരീക്ഷണത്തിനായി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പിനെ വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവെച്ചത്.

പാമ്പിനെ കാണിച്ചുള്ള വിരട്ടൽ വിജയിച്ചതോടെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇന്ന് ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർ‍ഷമായി ഒരു വാനരൻ പോലും ഈ തോട്ടത്തിൽ കടന്നിട്ടില്ല.

ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏലച്ചെടികളിലും പാമ്പുകളെ സ്ഥാപിക്കും. ചെറിയ കാറ്റിൽ പോലും ഇവ ചലിക്കുന്നതിനാൽ ആദ്യം കാണുന്ന ആരും ഒന്ന് ഭയക്കും. തോട്ടത്തിൽ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ റബ്ബർ പാമ്പിനെ അടിച്ച് വീഴ്ച സംഭവും ഉണ്ടായിട്ടുണ്ട്. വാനര ശല്യത്തിൽ പൊറുതിമുട്ടിയ മറ്റ് തോട്ടം ഉടമകളും ബിജുവിൻ്റെ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതോടെ ബിജുവും പാമ്പുകളും സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്.

spot_img

Related Articles

Latest news