കെപിഎൽ സീസൺ 4 കിരീടം വൈ ബി കെ കണ്ണൂരിന്,ഫൈനലിൽ കൊച്ചിൻ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി.

റിയാദ്: ടെക്നോ മേക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ടീം ആഷസ് റിയാദിന്റെയും നേതൃത്വത്തിൽ റിയാദിൽ സംഘടിപ്പിച്ച കേരള പ്രീമിയർ ലീഗ് (കെപിഎൽ) സീസൺ 4 ക്രിക്കറ്റ് ടൂർണമെന്റിൽ വൈ ബി കെ കണ്ണൂർ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കൊച്ചിൻ വാരിയേഴ്‌സിനെ പരാജയപ്പെടുത്തിയാണ് വൈ ബി കെ കണ്ണൂർ കിരീടം സ്വന്തമാക്കിയത്.

കേരളത്തിലെ ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 13 ടീമുകൾ മാറ്റുരച്ചു. ഇന്ത്യ, ബഹ്‌റൈൻ, ഖത്തർ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി മാത്രം കളിക്കാർ റിയാദിലെത്തിയത് കെപിഎൽ സീസൺ 4-നെ ശ്രദ്ധേയമാക്കി. വിദേശ രാജ്യങ്ങളിൽനിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കളിക്കാർക്കും കാണികൾക്കും വേറിട്ട അനുഭവമായി.

13 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പുലരി വെഞ്ഞാറമൂട്, കൊച്ചിൻ വാരിയേഴ്‌സ്, വൈ ബി കെ കണ്ണൂർ, മൈറ്റി കോട്ടയം എന്നീ ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. മികച്ച പ്രകടനങ്ങളിലൂടെ ഫൈനലിലെത്തിയ കൊച്ചിൻ വാരിയേഴ്‌സിനെ മറികടന്നാണ് വൈ ബി കെ കണ്ണൂർ ചാമ്പ്യന്മാരായത്.

ടൂർണമെന്റിലെ മികച്ച ഓൾറൗണ്ട് പ്രകടനത്തിനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം വൈ ബി കെ കണ്ണൂരിന്റെ പ്രണവ് സ്വന്തമാക്കി. മികച്ച ബാറ്ററായി കൊച്ചിൻ വാരിയേഴ്‌സിന്റെ അഫ്സൽ അഷ്റഫും മികച്ച ബൗളറായി അതേ ടീമിലെ അക്ബർ റഷീദും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

ചാമ്പ്യന്മാർക്കുള്ള ട്രോഫി ടെക്നോ മേക്ക് ഗ്രൂപ്പ് ചെയർമാൻ ഹബീബ് അബൂബക്കറും റണ്ണറപ്പായ കൊച്ചിൻ വാരിയേഴ്‌സിനുള്ള ട്രോഫി അൽ ഹുമൈധി പ്രതിനിധി അനസ് സുലൈമാനും സമ്മാനിച്ചു. പ്രശാന്തും നൗഷാദും ടൂർണമെന്റിലെ അമ്പയറിങ് നിയന്ത്രിച്ചു.

ടെക്നോ മേക്ക് കമ്പനി, അൽ ഹുമൈധി, എയ്റോ കോമ്പസ് ലോജിസ്റ്റിക്സ്, ആസ്കോൺ ട്രേഡിങ് കമ്പനി എന്നിവരായിരുന്നു ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാർ.

spot_img

Related Articles

Latest news