തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്ത് ഇതിഹാസതാരം ലയണല്‍ മെസിയെയും അർജന്റീന ഫുട്ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തില്‍ കോടികളുടെ വൻ തട്ടിപ്പ് നടന്നതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.അർജന്റീന ഫുട്ബോള്‍ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ല.
2023 ജൂലായില്‍ സൗഹൃദ മത്സരം പ്രഖ്യാപിച്ചത് അർജന്റീന ടീം അറിയാതെയാണെന്നും കരാർ ഒപ്പിട്ടതിന് രേഖകളില്ലെന്നും വകുപ്പ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കായിക വകുപ്പിന്റെ സ്പെഷല്‍ സെക്രട്ടറി എൻ പ്രശാന്ത് അന്വേഷണ റിപ്പോർട്ട് കായിക മന്ത്രി ഒ ജെ ജനീഷിന് കൈമാറിയെന്നാണ് വിവരം. കോടികളുടെ തട്ടിപ്പും ചട്ടലംഘനവും നടന്നതിനാല്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങള്‍ കൂടി റിപ്പോർട്ടില്‍ ശുപാർശ ചെയ്തിട്ടുണ്ട്.
ടെൻഡറില്ലാതെ ഏകപക്ഷീയമായാണ് സ്പോണ്‍സറെ തിരഞ്ഞെടുത്തത്. അർജന്റീന ഫുട്ബോള്‍ അസോസിയേന്‍ (എഎഫ്എ) ഒന്നരക്കോടി യു എസ് ഡോളർ (126 കോടി രൂപ) നല്‍കിയെന്ന് സ്പോണ്സർ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ രേഖ സർക്കാർ ഫയലുകളില്‍ ഇല്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മില്‍ കരാർ ഒപ്പുവച്ചതിന്റെയോ സ്പോണ്‍സറും സർക്കാരും തമ്മില്‍ കരാറുള്ളതിന്റെയോ രേഖകളും സർക്കാരിന്റെ പക്കല്‍ ഇല്ല.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസി വഴി പണം കൈമാറ്റം നടത്താനാണ് സ്പോണ്സർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജൻസി യുഎസില്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നവരാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

