അപ്പൂപ്പനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ: അമ്പരപ്പിച്ച്‌ 13കാരിയുടെ കൂള്‍ അഭിനയം; തകര്‍ന്നത് മണിക്കൂറുകള്‍ക്കുള്ളില്‍.

ഹരിപ്പാട്: കരുവാറ്റയില്‍ വയോധികനെ വാടകവീട്ടില്‍ കൈയും കാലും കെട്ടിയിട്ടു കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനും അടക്കം നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു.

എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിയുടെ ആസൂത്രണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസുള്ള മൂന്നു കൗമാരക്കാരുമാണ് കൊലപാതകം നേരിട്ടു നടത്തിയത്.

ശനിയാഴ്ച രാത്രിയിലാണ് പ്രതികള്‍ വാടകവീട്ടിലെത്തി കൃത്യം നടത്തിയത്. ബാത്ത്റൂമിലെ എക്സ്ഹോസ്റ്റ് ഫാൻ വെക്കുന്നതിനായി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി രണ്ടുപേർ ഞെരുങ്ങി കയറി അകത്തു കടക്കുകയായിരുന്നു.

തുടർന്നു വീടിന്റെ മുൻവാതില്‍ തുറന്നു പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയെ ഡൈനിംഗ് റൂമിലെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

ശിവൻകുട്ടി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ കവർന്നു. കൊലപാതകത്തിനു ശേഷം ശിവൻകുട്ടിയുടെ മൃതദേഹം പ്രതികള്‍ വിഡിയോ കോളിലൂടെ കൊച്ചുമകള്‍ക്കു കാട്ടിക്കൊടുക്കുകയും ചെയ്തു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വഴിതെറ്റിക്കാൻ മുറികളിലും വാതില്‍പ്പടികളിലും മുളകുപൊടി വിതറിയ ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്റെ പ്രധാന വാതിലുകള്‍ അകത്തുനിന്നു പൂട്ടി വീണ്ടും എക്സ്ഹോസ്റ്റ് ഫാനിന്റെ ഭാഗത്തുകൂടി പുറത്തിറങ്ങുകയായിരുന്നു.

കൃത്യത്തില്‍ പങ്കില്ലെന്നു വരുത്തിത്തീർക്കാൻ കൊച്ചുമകള്‍ പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ പോലീസ് ഇത് പൊളിച്ചടുക്കി. അപ്പൂപ്പൻ ഉപദ്രവിച്ചതിലുള്ള വൈരാഗ്യവും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണം കൈക്കലാക്കുക എന്നതുമായിരുന്നു ലക്ഷ്യം.

പ്രതികള്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്.

യാതൊരു ഭാവവ്യത്യാസവുമില്ലാതെ 13കാരിയുടെ കൂള്‍ അഭിനയം.

സ്വന്തം അപ്പൂപ്പൻ അതിക്രൂരമായി കൊല്ലപ്പെട്ട് വീടിനുള്ളില്‍ കിടക്കുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ എട്ടാം ക്ലാസുകാരിയായ കൊച്ചുമകള്‍ കാഴ്ച്ചവെച്ച അഭിനയം പോലീസിനെപ്പോലും അമ്പരപ്പിച്ചു. ഇന്നലെ പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ചോദിച്ചപ്പോഴും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയും തെല്ലും ഭയമില്ലാതെയും വളരെ കൂളായാണ് പെണ്‍കുട്ടി ഉദ്യോഗസ്ഥരോട് സംസാരിച്ചത്.

കൊലപാതകം നടന്ന ശനിയാഴ്ച രാത്രിയില്‍ താൻ മറ്റൊരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. കൃത്യത്തിനു ശേഷം അപ്പൂപ്പൻ മരിച്ചുകിടക്കുന്നതു വ്യക്തമായി അറിഞ്ഞിട്ടും തനിക്ക് പങ്കില്ലെന്ന് വരുത്താൻ ഞായറാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് വീട്ടിലെത്തി വാതിലില്‍ തട്ടിവിളിച്ചു. അപ്പൂപ്പൻ വാതില്‍ തുറക്കുന്നില്ലെന്നു സുഹൃത്തുക്കളെ ധരിപ്പിച്ചു മടങ്ങി.

തുടർന്നു തിങ്കളാഴ്ച രാവിലെ ആശുപത്രിയിലുള്ള അമ്മൂമ്മ വിളിച്ചു ഭർത്താവിനെ ഫോണില്‍ കിട്ടുന്നില്ലെന്നു പറഞ്ഞതിനെത്തുടർന്ന്, അയല്‍വാസിയെയും ഇതരസംസ്ഥാന തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പോലീസിനു നല്‍കിയ മൊഴി.

എന്നാല്‍, കൊലപാതക വിവരമറിഞ്ഞപ്പോഴും ഒരു സംഭവം നടന്ന ഭാവം പോലുമില്ലാതിരുന്ന പെണ്‍കുട്ടിയുടെ അമിത ശാന്തതയും പരസ്പരവിരുദ്ധമായ വാക്കുകളുമാണ് പോലീസില്‍ ആദ്യം സംശയം ജനിപ്പിച്ചത്. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കള്ളക്കഥകളെല്ലാം മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു വീഴുകയായിരുന്നു.

spot_img

Related Articles

Latest news