തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ ഡി കാർഡ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ നാളെ മുതല്‍

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ ഡി കാർഡ്
രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ നാളെ മുതല്‍
തൈക്കാട് നോര്‍ക്ക സെന്ററില്‍ പ്രത്യേകം എന്‍റോള്‍മെന്റ് കേന്ദ്രം
ഓൺലൈനായും അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം

തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാല ആവശ്യമായ നോർക്ക ഐ ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന കേരളീയർക്കായി ‘നോർക്ക റിട്ടേണി ഐ.ഡി കാർഡ്’ എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയ കേരളീയർക്കാണ് കാർഡിന് അര്‍ഹത. ഇതിനായുളള വെബ്ബ് പോർട്ടൽ നാളെ (ഒക്ടോബര് 8) രാവിലെ 11 മണി മുതല്‍ ലഭ്യമാകും. നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് പോർട്ടലിൽ പ്രവേശിക്കാം. ഓൺലൈനായും, സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും കാർഡിന് അപേക്ഷ നല്‍കാം. മൂന്നുവർഷത്തെ കാലാവധിയുളള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്. നോർക്ക റിട്ടേണി ഐ.ഡി കാര്‍ഡ് എൻറോൾമെന്റിനായി നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം നോർക്ക സെന്ററില്‍ പ്രത്യേകം സഹായ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എൻറോൾമെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭിക്കുന്നതാണ്.

പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ നൽകണം. വിദേശത്ത് രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ താമസിച്ചതിന് തെളിവായി കാലാവധി കഴിഞ്ഞ നേർക്ക പ്രവാസി ഐ ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ -ആദ്യ വിസയുടെയും അവസാന വിസയുടെയും -സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിലായിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻ ആർ കെ ഐ ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും തിരിച്ച് വന്ന് ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി / പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ / നിയമസഭാംഗം / പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ചിട്ടുള്ള സാക്ഷ്യപത്രം എന്നിവയാണ് തിരിച്ചെത്തിയ പ്രവാസികളുടെ കാർഡ് ലഭിക്കുന്നതിന് തെളിവായി സ്വീകരിക്കുന്ന രേഖകൾ. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, എന്നിവയ്‌ക്കൊപ്പം ഇതിൽ ഏതെങ്കിലും ഒരു രേഖ കൂടി സമർപ്പിക്കണം. ————————————–
അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്‍.ഡി)
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം
www.norkaroots.kerala.gov.in

spot_img

Related Articles

Latest news