റിയാദ്: വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-കായിക മികവുകളെ ആദരിക്കുകയും സമൂഹത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുകയും ലക്ഷ്യമാക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ആദരം 2026’ അനുമോദന സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സും ശ്രദ്ധേയമായി.
റിയാദിലെ മലാസിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങി വലിയ ജനപങ്കാളിത്തം ഉണ്ടായി.
വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ അധ്വാനത്തിനും പ്രതിഭയ്ക്കും സമൂഹത്തിന്റെ അംഗീകാരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഒഐസിസി ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
പഠനമികവിനൊപ്പം സാമൂഹിക ഉത്തരവാദിത്തബോധവും പുതുതലമുറയിൽ വളർത്തേണ്ടതിന്റെ ആവശ്യകതയും പരിപാടി എടുത്തുകാട്ടി.
ചടങ്ങ് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ നേട്ടങ്ങൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിമാനമാണെന്നും അവരുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രസംഗം നടത്തി.
ചടങ്ങിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് പ്രതിനിധി നവാസ് റഷീദ് ‘ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനപരമായ സന്ദേശം നൽകി. ആഗോള വിദ്യാഭ്യാസ സാധ്യതകൾ, നവീന തൊഴിൽ മേഖലകളിലെ വളർച്ച, ഭാവി കരിയർ പദ്ധതികൾ എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.
മുഖ്യാതിഥികളായി റിയാദ് ഇന്ത്യൻ എംബസി സ്കൂൾ പ്രിൻസിപ്പാൾ മൈമൂന അബ്ബാസ്, ക്വാണ്ടം റൈസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ പത്മിനി യു. നായർ, ലൈഫ് കോച്ച് സുഷമ ഷാൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയും അവർ അഭിനന്ദിക്കുകയും ഭാവി ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, കോട്ടയം ജില്ല പ്രസിഡന്റ് ബഷീർ കോട്ടയം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒഐസിസി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ചടങ്ങിന്റെ മറ്റൊരു പ്രധാന ഘടകമായി. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവതലമുറ ജാഗ്രത പുലർത്തണമെന്നും കുടുംബവും സമൂഹവും ചേർന്ന് ബോധവത്കരണം ശക്തമാക്കണമെന്നും പ്രതിജ്ഞ സദസ്സിൽ ആഹ്വാനം ചെയ്തു.
പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത മാർക്ക് നേടി ശ്രദ്ധേയ വിജയം നേടിയ സാറ ഷുഹെൽ ഷെയ്ഖ്, പ്ലസ് ടു വിഭാഗത്തിൽ മികച്ച വിജയം നേടിയ ഇബ്രാഹിം യൂസഫ്, താനിയ ഷാനവാസ്, കൂടാതെ അണ്ടർ-15 ഫുട്ബോൾ വിഭാഗത്തിൽ നിന്ന് അൽ ഹിലാൽ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീർത്തജ വിനോദ് എന്നിവരെ ഒഐസിസി പ്രത്യേക ആദരവോടെ അനുമോദിച്ചു.
ഇതുകൂടാതെ, ഒഐസിസി കുടുംബാംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ നിരവധി വിദ്യാർത്ഥികൾക്ക് ഫലകങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
ഇത്തരത്തിലുള്ള അനുമോദനങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ വിജയത്തിനായി സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, അശ്റഫ് കീഴ്പുള്ളിക്കര, മുഹമ്മദ് ഖാൻ, ജയൻ കൊടുങ്ങല്ലൂർ, ഹാഷിം പാപ്പിനശ്ശേരി, നാസർ ലെയ്സ്, നാസർ മാവൂർ, ജംഷാദ് തുവ്വൂർ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് അൽത്താഫ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സംഗീതവും കലാപ്രകടനങ്ങളും ചടങ്ങിന് ആഘോഷാന്തരീക്ഷം നൽകി. അസ്ക്കർ കണ്ണൂർ, ഷാജി സോണ, സന്തോഷ് കണ്ണൂർ, നാസർ വലപ്പാട്, അലി ആലുവ, ഒമർ ഷരീഫ് കോഴിക്കോട്, ഷാജി മടത്തിൽ, കമറുദ്ധീൻ താമരക്കുളം, ബാബുക്കുട്ടി പത്തനംതിട്ട, അഖിനാസ്, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ വർക്കല, സൈനുദ്ധീൻ വെട്ടത്തൂർ, ഷംസീർ പാലക്കാട് എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ മികവിനെയും സാമൂഹിക ബോധവത്കരണത്തെയും ഒരുമിപ്പിച്ച ഈ പരിപാടി ഒഐസിസിയുടെ സജീവ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതായാണ് പങ്കെടുത്തവർ വിലയിരുത്തിയത്.

