ഏക ലോകം ഏക ആരോഗ്യം

By : അബ്ദുൽ കലാം ആലംകോട്

വീട് നന്നായാൽ നാട് നന്നായി , നാട് നന്നായാൽ രാജ്യം നന്നായി , രാജ്യം നന്നായാൽ ലോകം നന്നായി എന്നാണല്ലോ. ഒരാൾ മാത്രം വിചാരിച്ചത് കൊണ്ടോ ഒരു വീട്ടുകാർ മാത്രം വിചാരിച്ചത് കൊണ്ടോ ലോകം മൊത്തം നന്നാകണമെന്നില്ല . എന്നാൽ ഓരോരുത്തർക്കും അതിൽ ഭാഗഭാക്കാകാൻ കഴിയും . മാറ്റം നമ്മളിൽ നിന്ന് തന്നെയാകട്ടെ.

പ്രാദേശികമായി ഉണ്ടായിരുന്ന പല പകർച്ച വ്യാധികളും ഇന്ന് ആഗോളതലത്തിൽ തന്നെ പൊട്ടിപ്പുറപ്പെടുകയാണ് . അത് കൊണ്ട് തന്നെ നമ്മൾ കൂടുതൽ കരുതൽ എടുക്കേണ്ടി വന്നിരിക്കുന്നു . ഇതിന് മുമ്പ് പടർന്നു പിടിച്ച പല പകർച്ച വ്യാധികളിലും ലക്ഷങ്ങൾ മരിച്ചു വീണപ്പോൾ ഇപ്പോഴും നമ്മെ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിയിൽ വെറും 0.6% മാത്രമേ ആളപായം ഉണ്ടായിട്ടുള്ളൂ .

അതിനർത്ഥം കോവിഡ് പോലത്തെ മഹാമാരിയെ ചെറുക്കാൻ നമ്മുടെ ശരീരം പ്രതിരോധ ശേഷി നേടിയെന്നല്ല, മറിച്ച് നമ്മുടെ പ്രതിരോധ സംവിധാനം മികവുറ്റ രീതിയിൽ പ്രവർത്തിച്ചു എന്നതാണ് .

2021 ഏപ്രിൽ മാസത്തിൽ 74,635 മൃഗങ്ങളിൽ നിന്ന് 57,900 സ്രവം എടുത്ത് പരിശോധിച്ചതിൽ നിന്ന് 887 തരം മനുഷ്യനിലേക്ക് പകരുന്ന തരം വൈറസ് ഉണ്ടെന്ന് മനസ്സിലായിട്ടുണ്ട് . അതിൽ പന്ത്രണ്ട് തരം മാത്രമേ മനുഷ്യനിലേക്ക് പകർന്നിട്ടുള്ളൂ. അതിനർത്ഥം ഇനിയും പകർച്ച വ്യാധികൾ നമ്മളെ അക്രമിക്കാനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നുണ്ട് എന്നാണ് .

ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയൊക്കെ യാണ് ഈ വൈറസുകൾ നമ്മെ ആക്രമിക്കുന്നത് എന്ന് കാണാം .

വന്യജീവികൾ :- മനുഷ്യന്റെ അത്യാർത്തിയും എല്ലാം തന്റെ ഉള്ളം കൈയ്യിൽ ആക്കാം എന്നുള്ള അഹങ്കാരവും കൊണ്ടാണ് നമുക്ക് ഇന്നീ ദുർഗതി അനുഭവിക്കേണ്ടി വരുന്നത് . നമ്മൾ മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ വ്യവസ്ഥ കയ്യേറിയപ്പോൾ അവർ നമ്മളുടെ ആവാസ വ്യവസ്ഥയിലേക്കു ഇറങ്ങിവന്നു . മുമ്പൊന്നും നമ്മൾ കാണാത്ത തരത്തിൽ നാട്ടിൻ പുറത്തുപോലും വന്യ ജീവികൾ യഥേഷ്ടം സഞ്ചരിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു .

ചില രാജ്യങ്ങളിൽ പുൽച്ചാടി തൊട്ട് മുള്ളം പന്നി, പാറ്റ , പാമ്പ് എന്നീ സകല ജന്തുക്കളെയും കൊന്ന് തിന്നുന്ന ശീലങ്ങളിലേക്ക് നാം എത്തപ്പെട്ടിരിക്കുന്നു . തന്നിമിത്തം പല തരം വൈറസുകൾ രൂപമാറ്റം സംഭവിച്ചു മനുഷ്യന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു .

മുൻകാലങ്ങളിൽ അപൂർവമായി ആളുകൾ കാടുകളിൽ കയറി മൃഗങ്ങളെ പിടിച്ചു കൊണ്ട് വന്നു വിശപ്പടക്കിയിരുന്നെങ്കിൽ ഇന്ന് വന്യ മൃഗങ്ങൾ മുതൽ പക്ഷികൾ പ്രാണികളെ വരെ കൂട്ടമായി കൊന്നും ജീവനോടെയും ഇന്ന് ചില മാർക്കറ്റുകളിൽ വില്പനക്ക് വെച്ചിരിക്കുന്നത് നമുക്ക് കാണാൻ കഴിയും . ഇത്തരം ജീവജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകളും ബാക്റ്റീരിയകളുമാണ് ഇന്ന് നമ്മുടെ ഇടയിൽ ഉണ്ടായിരിക്കുന്ന മിക്ക പകർച്ച വ്യാധികൾക്കും മൂല കാരണം . പല ദേശാടന പക്ഷികളും ഇത്തരം വൈറസ് വാഹകരായി ഒരു രാജ്യത്ത് നിന്നും മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട് .

വളർത്തു മൃഗങ്ങൾ :- നമ്മൾ വിനോദത്തിനും ഭക്ഷ്യ ആവശ്യത്തിനും വേണ്ടി വളർത്തുന്ന പല മൃഗങ്ങൾക്കും സ്ഥാനം നമ്മുടെ വീടിന്റെ അകത്തളങ്ങളിലാണ് . അത് കൊണ്ട് തന്നെ അവരിലൂടെ പല തരം വൈറസുകൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു .

മാംസത്തിനാവശ്യമായ മൃഗങ്ങളിൽ ഭൂരിഭാഗവും വരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് . അവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കാനുള്ള ഫലപ്രദമായ സംവിധാനങ്ങൾ ഇന്നും നമുക്കില്ല എന്നുള്ളതാണ് സത്യം .

ഷഡ്പദങ്ങൾ :- പുൽച്ചാടി മുതൽ മണ്ണിര വരെ മണ്ണിലും പുല്ലിലും വസിക്കുന്ന ചെറു ജീവികളെ വരെ മനുഷ്യൻ ആഹാര ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട് . കൃഷിയിടങ്ങളിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന കീടനാശിനികളും രാസപദാർത്ഥങ്ങളും മണ്ണിലും ജലത്തിലും കലരുന്നത് മൂലം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ വായുവിലും വെള്ളത്തിലും മണ്ണിലും വലിയ തോതിൽ വിഷാംശങ്ങൾ നമ്മൾ അറിഞ്ഞും അറിയാതെയും നമ്മുടെ ശരീരത്തിൽ എത്തപ്പെടുന്നു .

ചെറു ജീവികളെ നമ്മൾ കഴിക്കുന്നത് മൂലം അത് ഒന്ന് കൂടെ വേഗത്തിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

ആന്റിബയോട്ടിക് റസിസ്റ്റൻസ് :- യാതൊരു നിയന്ത്രണവും കൂടാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്ന ഒരു ജനതയായി നാം മാറിയിട്ടുണ്ട് . നാം പല രോഗത്തിനായി ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നവയും , തൂക്കവും ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ വേണ്ടി കോഴിയിലും , മത്സ്യത്തിലും മാംസത്തിലും ആന്റിബയോട്ടിക് കുത്തിവെച്ചും പൊടിച്ചു ചേർത്തും കച്ചവട കണ്ണോടെ മാത്രം ഉപയോഗിക്കുന്നത് മൂലം ഇന്ന് മനുഷ്യരിലും ജന്തു ജാലങ്ങളിലും ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാനുള്ള കരുത്ത് നേടിക്കൊണ്ടിരിക്കുന്നത് വലിയ ഗൗരവത്തോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത് .

നാം ജീവിക്കുന്ന പ്രകൃതിയും ജീവജാലങ്ങളും എല്ലാം തന്നെ ആരോഗ്യകരമായി ഇരുന്നാൽ മാത്രമേ നമ്മളും ആരോഗ്യവാന്മാരായി ഇരിക്കുകയുള്ളൂ എന്നാണ് ഏക ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . കാറൽ മാർക്സ് പറഞ്ഞത് പോലെ ഈ ഭൂമി എന്റെയോ നിങ്ങളുടെയോ മാത്രമുള്ളതല്ല ഇത് ഇത് പോലെ തന്നെ വരും തലമുറയ്ക്ക് നാം കൈമാറണം . അതിന് നാം നമ്മുടെ മണ്ണിനെയും വിണ്ണിനെയും വളരെ ശ്രദ്ധിച്ചു കൊണ്ട് മലിനമാക്കാതെ പരിപാലിക്കാൻ തയ്യാറാകണം .

അമിതമായ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ദുരുപയോഗം കൊണ്ടും അമിതമായ കീടനാശിനി പ്രയോഗം കൊണ്ടും നമ്മുടെ ആവാസ വ്യവസ്ഥ ആകെ താറുമാറായിരിക്കുകയാണ് . അതിന് പുറമെ വലിയ ഫാക്ടറികളിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്നതും തുറന്ന് വിടുന്നതുമായ മലിന ജലവും പുകയും കച്ചവട കണ്ണ് മാത്രം ലാക്കാക്കി പഴത്തിലും പച്ചക്കറിയിലും മത്സ്യ മാംസാദികളിലും ചേർക്കുന്ന രാസ വസ്തുക്കളും മനുഷ്യന് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ജീവന് ഭീഷണിയാണ് .

ഇതിന് മാറ്റം വേണമെങ്കിൽ നമ്മൾ ചില പഴയ ശീലങ്ങൾ കുറെയൊക്കെ ഒഴിവാക്കി ചില മുൻകരുതലുകൾ എടുത്തേ പറ്റൂ .

  • കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണ മേന്മ ഉറപ്പ് വരുത്താൻ ആരോഗ്യ പ്രവർത്തകരും നിയമ സംവിധാനവും ഉണർന്നു പ്രവർത്തിക്കുക . പുറത്തു നിന്നു വരുന്ന മാംസം മുതൽ പച്ചക്കറി വരെ പരിശോധന കർശനമാക്കുക. ഭക്ഷ്യോത്പാദനത്തിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചതിന് (ഇറച്ചി ,മുട്ട ,മത്സ്യം ,മാംസം ,പാൽ ,പാലുൽപ്പന്നങ്ങൾ ) മുൻ തൂക്കം കൊടുക്കുക .
  • ഓരോ കച്ചവട സ്ഥാപനത്തിലെയും മാലിന്യങ്ങൾ നിർമാർജനം ചെയ്യാനുള്ള സൗകര്യം അതാത് കെട്ടിടങ്ങളിൽ നിർബന്ധമാക്കുക അതെല്ലെങ്കിൽ സർക്കാർ ശേഖരിച്ചു നിർമാർജനം ചെയ്യൽ കർശനമാക്കുക , ഓരോ സ്ഥാപനത്തിന്റെയും പരിസരത്ത് കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും സ്ഥാപന ഉടമയുടെയോ കെട്ടിടം ഉടമയുടെയോ ഉത്തരവാദിത്വത്തിൽ ദിവസവും നീക്കം ചെയ്യുക . എല്ലാം കൂട്ടിയിട്ട് കത്തിച്ചു കൊണ്ട് അന്തരീക്ഷ മലിനീകരണം നടത്തുന്നവർക്ക് കർശനമായി പിഴ ചുമത്തുക .
  • അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെയും ,മൃഗങ്ങളെയും കർശനമായി നിയന്ത്രിക്കുക . നായകളെ വന്ധീകരണം നടത്തി അവർക്ക് സുരക്ഷിതമായ താവളം ഒരുക്കുക .
  • ഓരോ സ്കൂളിലും ബയോ ഗ്യാസ് പ്ലാന്റ് നിർമിക്കുകയും കുട്ടികൾ മുഖേനയോ സ്കൂൾ മാനേജ്മെന്റ് വഴിയോ , സർക്കാരിതര സന്നദ്ധ സേനകൾ വഴിയോ അത് ശേഖരിച്ചു സംസ്കരിക്കുക. സ്കൂളുകളിലും മറ്റ് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുക. എല്ലാ വീട്ടിലും ബയോ ഗ്യാസ് എന്ന ഏറ്റവും ചിലവ് കുറഞ്ഞ പ്ലാന്റുകൾ സബ്സിഡിയോട് കൂടി ജനങ്ങളിലേക്ക് എത്തിക്കുക .
  • ഓരോ സ്കൂളിലും അംഗൻവാടിയിലും മാസത്തിൽ ഒരു ദിവസമെങ്കിലും കുട്ടികളുടെ ആരോഗ്യ സ്ഥിതി നോക്കി വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക .
  • മത്സ്യം ,മാംസ്യം എന്നിവ വിൽക്കുമ്പോൾ നിശ്ചിത ഊഷ്മാവിൽ അവ സൂക്ഷിക്കുകയും അതിന് വേണ്ട ശീതീകരണ സൗകര്യമുള്ള ബോക്സുകളിലാക്കി വിതരണം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക..
  • തട്ടുകടയിലും മറ്റ് ഭക്ഷണ ശാലകളിലും ശുചിത്വവും അതുറപ്പ് വരുത്തുന്നതിനുള്ള മുൻകരുതലുകളും ( ശുദ്ധ ജല സംവിധാനം , മാലിന്യ നിർമ്മാർജ്ജനം , ഭക്ഷ്യവിഭവങ്ങൾ സ്റ്റോർ ചെയ്യാനുള്ള ഉപകരണങ്ങൾ, തുടങ്ങിയവ ) ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക . പാചക തൊഴിലാളികളുടെ ആരോഗ്യ സുരക്ഷാ കാർഡ് നിർബന്ധമാക്കുക.

രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക

പ്രവാസി എഴുത്തുകാരനായ അബ്ദുൽ കലാം ആലംകോട് ദുബൈയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങളിലും കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ സ്ഥിരമായി എഴുതുന്ന ലേഖകൻ മലപ്പുറം ആലംകോട് സ്വദേശിയാണ്.

spot_img

Related Articles

Latest news