ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിനെ ഷെഡ്യൂൾഡ് ബാങ്കുകളുടെ പട്ടികയിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗികമായി ഒഴിവാക്കി. ബാങ്കിംഗ് ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.
ആർബിഐ ആക്ട് 1934-ന്റെ രണ്ടാം ഷെഡ്യൂളിൽ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ഒഴിവാക്കിയതായി കേന്ദ്ര ബാങ്ക് അറിയിച്ചു. 2026 ജൂലൈ 31-ന് പുറത്തിറക്കിയ വിജ്ഞാപനം സെപ്റ്റംബർ 7-ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ബുധനാഴ്ചയാണ് ആർബിഐ സ്ഥിരീകരിച്ചത്.
നിക്ഷേപകരുടെ താൽപര്യത്തിന് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി ഏപ്രിലിലാണ് ആർബിഐ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയത്. പിന്നാലെ ഡൽഹി ഹൈക്കോടതി ബാങ്ക് പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.
അതേസമയം ഈ നടപടി പേടിഎം ആപ്പിന്റെ സാധാരണ ഉപയോക്താക്കളെ ബാധിക്കില്ല. പേടിഎം യുപിഐ, ക്യുആർ പേയ്മെന്റ്, സൗണ്ട്ബോക്സ് തുടങ്ങിയ സേവനങ്ങൾ മറ്റ് പാർട്ണർ ബാങ്കുകളിലേക്ക് നേരത്തെ മാറ്റിയിട്ടുണ്ട്. പേയ്മെന്റ്സ് ബാങ്കിലെ നിക്ഷേപങ്ങൾ തിരിച്ചടയ്ക്കാൻ ആവശ്യമായ പണം ബാങ്കിന്റെ കൈവശമുണ്ടെന്നും വൈൻഡ് അപ്പ് നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പണം തിരികെ ലഭിക്കുമെന്നും ആർബിഐ വ്യക്തമാക്കി.

