ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്

By: സന ഫാത്തിമ സക്കീർ 

ജനിച്ച് വീണ മണ്ണിലേക്ക് ഇനിയെന്നന്നേക്കുമായി മടങ്ങുമ്പോൾ മനസ്സിൽ പെയ്തിറങ്ങുന്നുണ്ട് ഓരോ ഓർമ്മകളും. കാലങ്ങൾ മുന്നോട്ട് സഞ്ചരിക്കുമ്പോൾ അതിലും വേഗത്തിൽ പിന്നോട്ട് ഓർമ്മകളെ ഒരു കൊളുത്തിട്ട് വലിക്കുന്നത് മനസ്സിന്റെ കണ്ണാടികൊണ്ട് കണ്ട ആ കാലത്തേക്കാണ് .

വലിയ ചിലർ എന്നിലേക്കു താഴ്ന്ന് ഇറങ്ങി വന്ന് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതും ആദ്യ ഭാഷയായ മലയാളം ആശാൻ പഠിപ്പിച്ചതുമെല്ലാം എന്റെ നാട്ടിൽ വെച്ചായിരുന്നു.മനസ്സിന്റെ തിരശ്ശീലയിൽ ഇന്നത് ഓരോന്നായി വന്നു മറയുന്നു.

പ്രവാസ  ജീവിച്ച് തീർക്കുന്ന പ്രവാസലോകത്ത് ഒറ്റയ്ക്കായിരുന്ന പിതാവിന് പഠിച്ച കാര്യങ്ങളെല്ലാം ഒരു കത്തിൽ എഴുതി അയച്ചതും, ലാൻഡ്ലൈനിലെ വിളി കാത്തിരുന്നതും പദ്യങ്ങളും കഥകളും ക്യാസറ്റിൽ റെക്കോർഡ് ചെയ്തയച്ചതുമെല്ലാം ഓർക്കുന്നു. തേനൂറുന്ന ഓർമ്മകൾ നിറഞ്ഞ ആ കുട്ടികാലം പൂർണ്ണമാക്കിയത് മധുരനാഥമായി മുഴങ്ങിയ വിദ്യാലയ ജീവിതം തന്നെ. എന്റെ ചെറിയ ലോകത്തിന് വലിയൊരു അർത്ഥം നൽകിയത് കാവ്യമഴയായി പെയ്ത അധ്യാപകർ ആയിരുന്നു.

ആ ലോകം വിട്ട് സൗദിയിൽ എത്തുമ്പോൾ പൊട്ടിയ കണ്ണാടി പോലുള്ള മനസ്സിൻ ഉടമായി മാറിയതറിയാനുണ്ടായി. ഒരു ലോകത്ത് നിന്നും എന്റെ കുടുംബത്തിലേക്ക് മാത്രം ചുരുങ്ങിയ മറ്റൊരു ലോകം. ഒരുപക്ഷെ ഞാൻ ഇതിലേക്ക്‌ വഴുതി വീണതാവാം എങ്കിലും ഞാൻ അതിനെ എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്നത് പത്തു നീണ്ട വർഷങ്ങൾക് ശേഷം ഇന്ന് നാട്ടിലേക്ക് ഉപരിപഠനത്തിനായി തിരിക്കുമ്പോഴാണ്.

സമാധാനത്തിന്റെ സൗദി അറേബ്യ, സ്നേഹത്തിന് പര്യയായമായ ആളുകൾ, കാരക്കയുടെയും കഹ്വയുടെയും ഗന്ധമുള്ള കാറ്റ്, അതിരാവിലെ ബാങ്കിന് ഉത്തരമേകുന്ന കിളികൾ. മഴനൂലുകളിൽ കുതിർന്ന കഅബാലയത്തിന്റെ ആദ്യകാഴ്ചയും പ്രാർത്ഥനകളിൽ മുഴുകിയ റംസാനും ഈദുമെല്ലാം ഇന്നൊരു മായാസ്വപ്നം പോലെ വർഷങ്ങളാൽ മായ്ക്കപെടാതെ ഒരു പോറൽ പോലും ഏൽക്കാതെ മനസ്സിലുണ്ട്. പൊട്ടിയ കണ്ണാടിയേ കൂട്ടിച്ചേർക്കാൻ സഹായിക്കുകയും എന്നിലുള്ള കലാകാരിക്ക് കൈ കൊടുത്ത് പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്ത പ്രവാസി സംഘടന എന്നും ഒരു നെടുവീർപ്പാണ്.

സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിൽ ദുഃഖത്തിന്റെ ആഴക്കടലിൽ പലപ്പോഴായി ദിശ തെറ്റി മുങ്ങിപ്പോയിട്ടുണ്ട് . കാലുകളേ പിന്നോട്ട് വലിക്കും തക്കം നിരാശപ്പെടുത്തിയവയൊന്നും തന്നെ സൗദി എന്ന രാജ്യത്തിന്റെ ഭംഗി ആസ്വദിക്കാൻ തടസ്സമായിരുന്നില്ല. ഒരുപക്ഷെ ‘മനുഷ്യർക്ക് ഇരുമുഖം; അതാരായാലും എവിടെ ആണേലും’ എന്ന ചിന്തയിലേക്ക് മാത്രമായി അവരുടെ ഓർമ്മകളെ ഞാനറിയാതെ തന്നെ മനസ്സ് തളച്ചിട്ടുണ്ടാകണം.

കുടുംബത്തെ വിട്ട് പിരിയുന്നതാണ് ഉള്ളിൽ നീറുന്ന മറ്റൊരു വിഷമം. പറക്കാൻ പഠിപ്പിച്ച ചിറകിന്റെ ചൂടിൽ ഇനി എത്ര നാൾ നിൽക്കും? എന്ന ചോദ്യത്തിന്റെ വാൾ മനസ്സെനിക്ക് നേരെ ഉയർത്തുന്നു. മക്കയും മദീനയും സ്ഥിതി ചെയ്യുന്ന മുഹമ്മദ് നബി (സ) യുടെ നാട് വിട്ട് പോകുമ്പോൾ കണ്ണുകളിൽ നനവ് അനുഭവപ്പെടുന്നു. ഇന്ന് ശാസ്ത്രം മുന്നോട്ട് കുതിക്കുമ്പോൾ മുമ്പ് പിതാവുമായി ആശയവിനിമയത്തിന് നേരിട്ട പ്രയാസങ്ങൾ ഇനി നേരിടേണ്ടല്ലോ. മാത്രമല്ല, ഇനി ഓർമ്മകളിൽ തീർച്ചയായും ഈ നാട് ജീവിക്കും എന്നതൊക്കെ ആ നനവിന് സാന്ത്വനമാവുന്നുണ്ട്.

എന്നെ സംഗീതത്തിന്റെയും വായനയുടേയും ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയ സൗദി നാട്. എന്നിലുള്ള കലയുടെ മൊട്ടുകൾ വിരിഞ്ഞത് ഈ പൂന്തോപ്പിലായിരുന്നു. ഞാൻ നിർണ്ണയിച്ചൊഴുക്കിയ സ്വപ്നലോകത്തിന്റെ പടവുകൾ കയറി രഹസ്യമായി ഓരോ ആഗ്രഹങ്ങൾ നിറവേറ്റിയത് കാൽനൂറ്റാണ്ടിന് മുമ്പേ എന്റെ പിതാവിനെ പോലെ പ്രവാസലോകത്തേക്ക്‌ വന്ന കോടാനുകോടി പ്രവാസികളുടെ വിയർപ്പ് അടങ്ങുന്ന ഈ മണ്ണിലാണ്.

അവരോരുത്തരും  സ്വന്തം ജീവിതം സമർപ്പിക്കുമ്പോൾ തളരാത്ത പോരാളികളായി അവരെ ഞാൻ കാണാൻ തുടങ്ങി. പ്രവാസികളുടെ ജോലി പ്രയാസങ്ങളും പടുത്തുയർത്തിയ സ്വപ്നങ്ങളും കൊച്ചാഗ്രഹങ്ങളും കേട്ട് പതുക്കെ മിഴി തുറന്നുണരുന്ന റിയാദിലെ ബത്ത നഗരം. പ്രാർത്ഥനകളും പരിഭവങ്ങളും ദിവസേന കേട്ട് മക്കയും മദീനയും. വെള്ളക്കുതിരകളെ പോലെ കാലിന്റെ സമീപത്തെത്തി തിരിച്ചു പതകൾ ആയി തിരകൾ മടങ്ങി പോകുന്ന ദമ്മാമിലെ കടൽത്തീരം. മനസ്സിനെ കുളിർമഴയിൽ നനക്കുന്ന അബഹയിലെ തണുത്ത കാറ്റ്. ഇന്ന് ഒരുപാട് ദൂരെ പിറകോട്ട് സഞ്ചരിച്ചത് പോലെ .. ഒരു സ്വപ്നം കണ്ട് തീരും മുന്നേ പെട്ടന്ന് എണീറ്റത് പോലെ ..

ഓർമ്മകൾ ഏറെ, അതിലേറെയാണ് ഓരോ പാഠങ്ങളും. ജീവിതത്തിന്റെ പുസ്തകത്താളിൽ ആദ്യത്തെ അധ്യായം പൂർത്തിയാകുമ്പോൾ അതിലെ ഓരോ അക്ഷരങ്ങൾക്കും ജീവനേകിയത് പലരുടടേയും സാന്നിധ്യമായിരുന്നു. പരിഭവങ്ങൾ പങ്ക് വെക്കാനും സന്തോഷങ്ങൾ പങ്കിടാനുമായി തുറന്നു തന്ന ചില മനസാക്ഷിയുടെ നടകൾ പിന്നീട് സ്വപ്നങ്ങളുടെ ചിറകനക്കങ്ങൾക്ക് കാരണമായി മാറി. മടങ്ങുമ്പോൾ വിലപ്പെട്ട പലതും ഉപേക്ഷിച്ച ഒരു പ്രതീതി. നൈമിഷികമായ ലോകത്ത് കാവ്യമഴയായ് പെയ്ത പലരുടേയും സാന്നിധ്യം ഇന്നും നിലക്കാതെ പെയ്യുന്നുണ്ട്.

എനിക്ക് ചുറ്റുമുള്ള ലോകം ഒരുപാട് മാറിയിരിക്കുന്നു. വിശപ്പ് പലരുടേയും കൂടപ്പിറപ്പായി പല്ലവിയായി മാറി , ദൈവത്തെ പോലെ വിലാസമില്ലാത്ത എന്നാൽ ദൈവത്തെ പോലെ ആരും കാണാത്ത പാഴ്ജീവിതമെന്ന സ്വയം വിലയിരുത്തിയ തെരുവിലെ പല കുടുംബങ്ങൾ, സ്വന്തം സഹോദരികളെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുന്ന ഭാരതീയർ. ഇവർക്കെല്ലാം നമ്മൾ നൽകുന്ന മറുപടി വെറും മൗനമല്ലേ ? ആക്രമിക്കപെട്ട ഓരോരുത്തരുടെയും പ്രാണവിളി പ്രതിധ്വനിക്കുമ്പോൾ മൗനം പാലിക്കുന്ന നമുക്ക് വിദ്യാഭ്യാസ കുറവില്ല സമയക്കുറവാണു ഉള്ളത്. എപ്പോഴെങ്കിലും ഇവർക്കായി സമയം ചിലവഴിച്ചിട്ടുണ്ടോ?

കലഹവും യുദ്ധവും അധികാര മോഹത്തിന്റെ ചക്രങ്ങളിൽ സഞ്ചരിച്ച് വിദ്വേഷവും പകയും നിറക്കുന്നു. മനസാക്ഷി, ദയ, കരുണ ഒന്നൊന്നായി വിട വാങ്ങുമ്പോൾ എങ്ങനെ സ്വന്തം നിഴലിനെ പോലും വിശ്വസിക്കും? ഒരു പക്ഷെ മനുഷ്യർക്ക് എല്ലാവർക്കും ഒരേ മുഖമാണ് എന്നാകും എന്റെ ഈ ഭയം സൂചിപ്പിക്കുന്നത്. അതെ ‘മനുഷ്യർക്ക് ഇരുമുഖം, അതാരായാലും, എവിടെ ആണേലും’.

ജനിച്ച മണ്ണിലേക്ക് മടങ്ങുക എന്ന നശ്വരമായ യാഥാർത്ഥ്യമായ സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. മാ സലാമ.

ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്….

സന ഫാത്തിമാ സക്കീർ

റിയാദിലെ യാര ഇന്റർനാഷണൽ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഇപ്പോൾ നാട്ടിലേക്ക് മടങ്ങി  എത്തുന്ന ലേഖിക.

 

മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ പ്രസിദ്ധീകരിക്കും

spot_img

Related Articles

Latest news