‘രക്ഷാപ്രവര്‍ത്തനം’ അന്വേഷിക്കാൻ പ്രത്യേക സംഘം, നേതൃത്വം നല്‍കുന്നത്  എ പി ഷൗക്കത്തലി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെ എസ് യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അടക്കമുള്ളവർ മർദിച്ചകേസ് പുനരന്വേഷിക്കാനായി പ്രത്യേക സംഘം രൂപീകരിച്ചു.ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പിയായ എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്‌പിയടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. 15 ദിവസത്തിനകം റിപ്പോർട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തില്‍ത്തന്നെ പുനരന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നു.

ഗണ്‍മാൻ അനില്‍കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവരെ കുറ്റവിമുക്തരാക്കിയ ക്രൈംബ്രാഞ്ച് നടപടി തള്ളിയ ആലപ്പുഴ മജിസ്ട്രേട്ട് കോടതി കേസില്‍ പുനരന്വേഷണം നടത്താൻ 2024നവംബർ 8ന് ഉത്തരവിട്ടിരുന്നു.എന്നാല്‍ കഴിഞ്ഞസർക്കാർ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല.

2023ഡിസംബർ 15നാണ് നവകേരളസദസിന്റെ ബസിനുനേർക്ക് ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു പ്രവർത്തകരെ ഗണ്‍മാൻമാർ മൃഗീയമായി മർദ്ദിച്ചത്. ഗണ്‍മാൻമാർ ചെയ്തത് രക്ഷാപ്രവർത്തനമെന്നാണ് പിണറായി സർക്കാർ ന്യായീകരിച്ചത് വലിയ വിവാദമായിരുന്നു. കെഎസ് യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂര മർദനമേറ്റത്. ഇതില്‍ എ ഡി തോമസ് ഇപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍നിന്നുള്ള നിയുക്ത എംഎല്‍എയാണ്.

ടിപി വധക്കേസിലെ പ്രതികളായ കൊടിസുനിയെയും സംഘത്തെയും അവരുടെ ഒളിസങ്കേതത്തിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ് എസ് പി. ഷൗക്കത്തലി. ടിപി കേസുമായി ബന്ധപ്പെട്ടുതന്നെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ നടുറോഡില്‍ കാർ തടഞ്ഞ് അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. ഇതോടെ അദ്ദേഹം സിപിഎമ്മിലെ കണ്ണിലെ കരടായി.

spot_img

Related Articles

Latest news