റിയാദ്: തമിഴ്‌നാട്ടിലെ പൊള്ളാച്ചി–വാല്‍പ്പാറ മലയോര പാതയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഒമ്പത് പേരുടെ ദാരുണാന്ത്യം നാടിനെ നടുക്കി. സംഭവത്തില്‍ റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
വിനോദസഞ്ചാരത്തിന് പോയ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഈ ദുഃഖവാര്‍ത്ത ഏറെ വേദനയോടെയാണ് പ്രവാസി സമൂഹം ഏറ്റുവാങ്ങിയതെന്ന് ഒ.ഐ.സി.സി നേതൃത്വം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള മലയോര പാതയിലെ ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ഒമ്പത് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും ഒരേ പ്രദേശത്തുകാരാണെന്നത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
അപ്രതീക്ഷിതമായ ഈ ദുരന്തം കുടുംബങ്ങളെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആത്മശാന്തി നേരുന്നതായും, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഒ.ഐ.സി.സി പ്രാര്‍ത്ഥിച്ചു.
അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും, ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഒ.ഐ.സി.സി അഭ്യര്‍ത്ഥിച്ചു.

