അബുദാബി: ചെന്നൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തില്‍ തീപടർന്നു. ഇന്ന് രാവിലെയാണ് സംഭവം. ടേക്ക് ഓഫിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇടതുചിറകില്‍ തീപടർന്നത് ശ്രദ്ധയില്‍പ്പെട്ടത്.തുടർന്ന് സർവീസ് നിർത്തിവച്ചു. അടിയന്തര പ്രതികരണ സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവസമയത്ത് വിമാനത്തില്‍ ഏകദേശം 280 യാത്രക്കാരുണ്ടായിരുന്നു. തീ ഉടൻതന്നെ അണച്ചതിനാല്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനയാത്ര തുടരാത്തതെന്നും അവർ അറിയിച്ചു. വിമാനത്തില്‍ തീപിടിക്കാനുള്ള കൃത്യമായ കാരണം അവർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് വിവരം.

