ജനുവരി 24 – ദേശീയ ബാലികാ ദിനം

ജനുവരി 24 – ദേശീയ ബാലികാ ദിനം

2012 മുതൽ ഐക്യരാഷ്ട്ര സംഘടന പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നു. ഒക്ടോബര്‍ 11 നാണ് ഈ ദിനാചരണം എങ്കിലും നമ്മുടെ രാജ്യം ജനുവരി 24 ആണ് പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി 1966 ൽ ഇതേ ദിവസം ചുമതലയേറ്റതിന്റെ ഓർമ്മക്കായി 2008 മുതൽ തന്നെ ഈ ദിനാചരണം നിലവിലുണ്ട്. ലിംഗ വിവേചനമാണ് ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ പോലും പെൺകുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് ദേശീയ ബാലികാദിനം.

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭാര്യയാണ്, സഹോദരിയാണ്, മകളാണ് എന്ന് ഉറക്കെയുറക്കെ പ്രസ്താവിക്കുമ്പോഴും പെൺകുട്ടികൾ വീടിന്റെ ശാപമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിലുണ്ട്. ജനിച്ചു വീഴുന്നത് പെൺകുഞ്ഞാണെങ്കിൽ അതിന്റെ നാവിൽ വിഷമിറ്റിച്ച് കൊടുക്കുന്നവർ, ഉറക്കെ കരയാൻ പോലും കഴിയാത്ത രീതിയിൽ ശ്വാസം മുട്ടിക്കുന്ന വർ, ഇന്നും ജീവിച്ചിരിക്കുന്നു. ഗർഭത്തിൽ തന്നെ പെൺകുഞ്ഞുങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നവരുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കുന്നത് ഒഴിവാക്കാൻ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയം രാജ്യത്ത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. എങ്കിലും അതെത്ര മാത്രം കാര്യക്ഷമമായി നിർവഹിക്കപ്പെടുന്നുവെന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ലിംഗ അനുപാതം തന്നെ ഇതിലേക്ക് വിരൽ ചൂണ്ടുന്നു.

തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞ് പെൺകുട്ടിയാവരുതേ എന്ന് പ്രാർത്ഥിക്കേണ്ടി വരുന്ന ഗതികെട്ട അമ്മമാർ രാജ്യത്ത് ഉള്ളിടത്തോളം ഇത്തരം ദിനാചരണങ്ങൾക്ക് പ്രസക്തി ഉണ്ട്. പിഞ്ചു കുഞ്ഞിനെ മുതൽ വൃദ്ധമാതാക്കളെ വരെ കാമക്കണ്ണുകളിലൂടെ മാത്രം നോക്കുന്നവരെ കൊണ്ട് നിറഞ്ഞ ഒരു കാലഘട്ടത്തിൽ വിശേഷിച്ചും. ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറ്റാൻ മുന്നിട്ടിറങ്ങാനും, ഒരു കുഞ്ഞിന്റെപോലും തുണി ഉരിയപ്പെടാൻ അനുവദിക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യാനും നമുക്കീ ദിനം ഉപയോഗപ്പെടുത്താം. മീഡിയ വിങ്സ് ടീമിന്റെ ബാലികാ ദിനാശംസകൾ !!!

spot_img

Related Articles

Latest news