ഉമ്മൻ ചാണ്ടി മൂന്നാം ചരമദിനം: ‘കുഞ്ഞുഞ്ഞോർമ്മ’യുമായി റിയാദ് ഒഐസിസി അനുസ്മരണ സംഗമം

റിയാദ്: മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കുഞ്ഞുഞ്ഞോർമ്മയിൽ” എന്ന പേരിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ബത്ഹ സബർമതിയിൽ നടന്ന പരിപാടിയിൽ ഒഐസിസിയുടെ വിവിധ കമ്മിറ്റികളിലെ ഭാരവാഹികൾ, പ്രവാസി കോൺഗ്രസ് പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ഒഐസിസി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിച്ച അപൂർവ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും, അധികാരത്തിന്റെ ഉന്നതിയിൽ ഇരിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിഞ്ഞ് പരിഹരിക്കാൻ ശ്രമിച്ച ജനനായകനായിരുന്നു അദ്ദേഹമെന്നും, അധികാര രാഷ്ട്രീയത്തിന് മാനുഷിക മുഖം നൽകിയ നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും സേവന മനോഭാവവും പുതുതലമുറയ്ക്ക് എന്നും മാതൃകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറി മാള മുഹിയുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനകീയ നേതൃത്വത്തിന്റെ ഉജ്ജ്വല മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ജനങ്ങളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയെന്നും, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം കണ്ടെത്തുകയും സ്നേഹവും കരുണയും മുഖമുദ്രയാക്കി പൊതുപ്രവർത്തനം നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം രാഷ്ട്രീയ പ്രവർത്തകർക്കും പൊതുസമൂഹത്തിനും വലിയ പ്രചോദനമാണെന്നും, അത് കൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രവാചകനാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് അഡ്വ: എൽ.കെ. അജിത്ത്, ഷാജി സോന, റഹ്മാൻ മുനമ്പത്ത്, അസ്ക്കർ കണ്ണൂർ, ബഷീർ കോട്ടയം, ബാലു കുട്ടൻ, സജീർ പൂന്തുറ, സെയ്ഫ് കായകുളം, അശ്റഫ് മേച്ചേരി, രാജു തൃശൂർ, ഷാജി മഠത്തിൽ, സന്തോഷ് ബാബു കണ്ണൂർ, ഒമർ ഷരീഫ് കോഴിക്കോട്, ഷമീർ മാളിയേക്കൽ, ഷബീർ വരിക്കാപ്പള്ളി, റഫീഖ് പട്ടാമ്പി, ഹാഷിം പാപ്പിനശ്ശേരി, ഷിബു ഉസ്മാൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ ജനസേവന പാരമ്പര്യം, എളിമ നിറഞ്ഞ വ്യക്തിത്വം, മനുഷ്യസ്നേഹം, എല്ലാവരെയും ചേർത്തുപിടിക്കുന്ന രാഷ്ട്രീയ ശൈലി എന്നിവ പ്രഭാഷകർ അനുസ്മരിച്ചു.

ആലപ്പുഴ ജില്ലാ പ്രസിഡന്റ് കമറുദ്ധീൻ താമരക്കുളം സ്വാഗതവും, സെൻട്രൽ കമ്മിറ്റി ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും രേഖപ്പെടുത്തി.
നാദിർഷാ റഹ്മാൻ, നാസർ മാവൂർ, ജംഷി തുവ്വൂർ, ഷംസീർ പാലക്കാട്, മൊയ്തീൻ മണ്ണാർക്കാട്, ഷറഫു ചിറ്റൻ, ഹാഷിം ആലപ്പുഴ, ടോം ചാമക്കാലയിൽ, നേവൽ തൃശൂർ, ഹാഷിം കണ്ണാടിപറമ്പ്, സിദ്ധീഖ് പന്നിയങ്കര, അനീഷ് ഖാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിക്കുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ മൗനം ആചരിക്കുകയും ചെയ്തു. പ്രവാസി മലയാളികൾക്കിടയിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ നേതൃത്വവും പൊതുസേവനത്തിനായി സമർപ്പിച്ച ജീവിതവും വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു അനുസ്മരണ സംഗമമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

 

spot_img

Related Articles

Latest news