ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ സലിം കുമാറിന് കണ്ണീരോടെ വിട; റിയാദ് ഒഐസിസി അനുശോചിച്ചു

റിയാദ്: മലയാളികളുടെ പ്രിയപ്പെട്ട നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിം കുമാറിന്റെ നിര്യാണത്തിൽ റിയാദ് ഒഐസിസി അനുശോചനം രേഖപ്പെടുത്തി. ഹാസ്യത്തിന്റെ പുതുമയാർന്ന ശൈലിയിലൂടെ ലക്ഷക്കണക്കിന് മലയാളികളെ ചിരിപ്പിക്കുകയും, അതേസമയം ജീവിത യാഥാർഥ്യങ്ങളിലേക്കും സാമൂഹിക വിഷയങ്ങളിലേക്കും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്ത അപൂർവ പ്രതിഭയുടെ വേർപാട് കേരളത്തിനും മലയാള സിനിമയ്ക്കും മതേതര സമൂഹത്തിനും തീരാനഷ്ടമാണെന്ന് ഒഐസിസി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ഒരു ഹാസ്യനടൻ എന്ന നിലയിൽ മാത്രം ഒതുങ്ങാതെ, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ ആഴവും പരപ്പും തെളിയിച്ച കലാകാരനായിരുന്നു സലിം കുമാർ. സാധാരണക്കാരന്റെ ജീവിതവും വികാരങ്ങളും പ്രതീക്ഷകളും തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചിരിയുടെ മറവിൽ സമൂഹത്തോട് സംവദിക്കുകയും ജനങ്ങളെ ചിന്തിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കലാജീവിതം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്നും ഒഐസിസി അഭിപ്രായപ്പെട്ടു.

തന്റെ അവസാന നാളുകൾ വരെയും കേരളത്തിന്റെ സാമൂഹികവും പൊതുപ്രാധാന്യമുള്ള വിഷയങ്ങളിലും സജീവമായി ഇടപെട്ട അദ്ദേഹം, ജനങ്ങളുടെ വികാരങ്ങൾക്ക് ശബ്ദമായിരുന്നു. കലാകാരൻ എന്നതിലുപരി സമൂഹത്തോടും നാടിനോടും ഉത്തരവാദിത്തബോധമുള്ള വ്യക്തിത്വമായിരുന്നു സലിം കുമാർ. അവസാന കാലഘട്ടത്തിലും കേരളത്തെ ചിരിപ്പിക്കുകയും നാടിന്റെ നന്മയ്ക്കായി ശബ്ദിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വേർപാട് മലയാളികളെ ആഴത്തിൽ ദുഃഖിപ്പിക്കുന്നതാണെന്ന് ഒഐസിസി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ മതേതര പ്രസ്ഥാനം പ്രതിസന്ധികൾ നേരിട്ടിരുന്ന കാലഘട്ടങ്ങളിൽ പോലും അതിന്റെ ആശയങ്ങളോടും മൂല്യങ്ങളോടും ചേർന്ന് നിന്ന വ്യക്തിയായിരുന്നു സലിം കുമാർ. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം കാണിച്ച പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ പ്രതീക്ഷകൾ രൂപപ്പെടുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ അഭാവം കൂടുതൽ വേദനാജനകമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. വാക്കുകൾക്കും വരികൾക്കും അപ്പുറമാണ് ഈ നഷ്ടമെന്ന് ഒഐസിസി നേതാക്കൾ പറഞ്ഞു.

തന്റെ ജീവിതം കൊണ്ട് ചുറ്റുമുള്ളവർക്ക് സന്തോഷവും പ്രത്യാശയും വെളിച്ചവും പകർന്ന ആ ചിരിയുടെ നായകൻ ഇനി ഓർമ്മകളിൽ മാത്രമായി മാറിയിരിക്കുന്നു. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന ആ അതുല്യ കലാകാരന് റിയാദ് ഒഐസിസി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, റിയാദ് ഒഐസിസി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

spot_img

Related Articles

Latest news