തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പില്‍ നിയമിച്ച നടപടി വിവാദമായതോടെ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ.ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില്‍ സീനിയർ സൂപ്രണ്ടായിരുന്ന ബിജെപി നേതാവ് രതീഷ് ആർ നായരെയാണ് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദേശം നല്‍കിയത്.
ബിജെപി പെൻഷനേഴ്സ് സെല്‍ നേതാവാണ്. സർക്കാർ സർവീസില്‍ നിന്ന് വിരമിച്ച രതീഷ് ആർ നായരെ ചട്ടങ്ങള്‍ ലംഘിച്ച് വീണ്ടും നിയമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ നടപടി.
രതീഷിന്റെ നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിയാതെയാണെന്ന് കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രതീഷ് ബിജെപിക്കാരനാണെന്നതില്‍ സംശയമില്ല. നിയമവശം പരിശോധിച്ച് തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് നഴ്സിംഗ് സീനിയർ സൂപ്രണ്ട് ആയി ഇക്കഴിഞ്ഞ സെപ്തംബർ 15നാണ് രതീഷിന് നിയമനം നല്‍കിയത്. കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. സർക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ കരാർ നീട്ടി നല്‍കാമെന്നായിരുന്നു വ്യവസ്ഥ, മാസം 31,480 രൂപയായിരുന്നു ശമ്പളം.
അടുത്തകാലത്താണ് സർക്കാർ സർവീസില്‍ നിന്ന് രതീഷ് വിരമിക്കുന്നത്. അന്ന് ബിജെപിയുടെ സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ ബിജെപി സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലായ് 15നാണ് രതീഷിനെ സർക്കാർ സർവീസില്‍ നിന്ന് വിരമിച്ചവർക്കുള്ള ബിജെപിയുടെ പെൻഷണേഴ്സ് സെല്ലില്‍ നിയമിച്ചത്.

